Categories
Uncategorized

അച്ഛൻ സമ്മാനിച്ച പുതുജീവിതത്തിലേക്ക് നിറഞ്ഞ മനസ്സുമായി യാത്ര തുടർന്നു…

രചന: രോഷ്‌ന കക്കോത്ത്.

മകന്റെ കൈയും പിടിച്ചുകൊണ്ട് അമ്പലത്തിൽ നിന്നും നിറകണ്ണുകളോടെ പ്രാർത്ഥിച്ച് ഇറങ്ങുമ്പോഴായിരുന്നു അരയാൽത്തറയിൽ ഇരിക്കുന്ന സൂരജിനെ അവൾ കണ്ടത്… 8 വർഷത്തിന് ശേഷമായിരുന്നു ആ കൂടിക്കാഴ്ച.അവൻ പറയാതെ പറഞ്ഞുവെച്ച പ്രണയത്തെ കണ്ടില്ലെന്ന് നടിച്ചത് നന്ദന ആയിരുന്നു.സൂരജിന്റെ “നന്ദൂട്ടി” വിളി അവൾക്കെത്ര പ്രിയങ്കരമായിരുന്നെന്ന് അവനോടു പറയാൻ അവളും കൊതിച്ചിരുന്നു. പക്ഷേ, കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് രണ്ട് വഴിയിൽ ഒഴുകാൻ ആയിരുന്നു വിധി.സൂരജ് ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല എന്നത് നന്ദനയെ എന്നും അലട്ടുന്ന പ്രശ്നമായിരുന്നു.കണ്ടില്ലെന്ന് വിചാരിച്ചോട്ടെ കരുതി തല താഴ്ത്തി പടികളിറങ്ങി അരയാൽത്തറ പിന്നിട്ടപ്പോൾ പുറകിൽ നിന്നും “നന്ദൂ” എന്നവൻ പതിയെ വിളിച്ചു.അവൾ മെല്ലെ തിരിഞ്ഞുനോക്കി.

സൂരജിന്റെ “സുഖമാണോ” എന്ന ചോദ്യത്തിന് ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി “അതേ” എന്ന അർത്ഥത്തിൽ തലയാട്ടുമ്പോഴും ഉള്ളിൽ അവൾ കരയുകയായിരുന്നു.”നിന്റെ കണ്ണുകൾ അങ്ങനെയല്ലല്ലോ എന്നോട് പറയുന്നത്?”എന്ന അവന്റെ മറുചോദ്യത്തിന് മുന്നിൽ അവളൊന്ന് പതറി.സൂരജിന്റെ കണ്ണുകളിലെ ആ പണ്ടത്തെ തിളക്കത്തിനു ഒരു മങ്ങലും ഏറ്റിട്ടില്ലെന്നു അവൾ തിരിച്ചറിഞ്ഞു.മറുപടി മൗനത്തിലൊതുക്കി അമ്പലക്കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ പൂവുകളിലേക്ക് നോക്കി അവൾ അൽപനേരം നിന്നു.മകൻ യദുനന്ദ് അരയാലിനു ചുറ്റും ഓടിക്കളിക്കാൻ തുടങ്ങി. സൂരജ് നന്ദനയുടെ മറുപടിക്കായി കാതോർത്ത് അരയാൽത്തറയിൽ ചാരി നിന്നു.അപ്പോഴേക്കും നന്ദനയുടെ മനസ്സ് കാലചക്രത്തിന്റെ കാണാചിറകിലേറി വർഷങ്ങൾക്കപ്പുറത്തേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

പ്രകൃതി സുന്ദരമായ ചോലത്തൂർ ഗ്രാമം.കാലിൽ കിങ്ങിണി കെട്ടി കളകളാരവം മുഴക്കി ഒഴുകുന്ന പുഴ.ആ പുഴക്കരയിലായിരുന്നു നന്ദനയുടെ അച്ഛന്റെ വീട്.”ബാല്യകാലം” എന്ന നിറവസന്തം ആവോളം ആസ്വദിച്ചാണ് അവൾ വളർന്നത്.ഓണക്കാലമായാൽ പൂക്കൂടയുമെടുത്ത് പൂവുകൾ കൺ തുറക്കുന്നതിനു മുന്നേ നന്ദനയും,കൂട്ടുകാരും പുഴക്കരയിലൂടെ മത്സരിച്ചു പൂക്കൾ പറിച്ച് വീട്ടുമുറ്റത്ത് വലിയ പൂക്കളമൊരുക്കും. വിഷുവിന് കൊണ്ടുവരുന്ന പൂത്തിരിയും, നിലച്ചക്രവുമെല്ലാം വിഷു കഴിഞ്ഞ് വരുന്ന രണ്ടാമത്തെ ദിവസമായ നന്ദനയുടെ പിറന്നാൾ ദിവസം ആഘോഷിക്കാൻ അവൾ എടുത്തുവെക്കുന്നത് പതിവായിരുന്നു.നന്ദനയുടെ അച്ഛന് ഏറ്റവും പ്രിയങ്കരമായ ദിവസമായിരുന്നു അവളുടെ ജന്മദിനം.വീട്ടുകാരുടെയും, നാട്ടുകാരുടെയും പൊന്നോമന മകൾ.അച്ഛനായിരുന്നു അവളുടെ കൺകണ്ട ദൈവം!!രണ്ട് മക്കളിൽ അച്ഛന് നന്ദനയോടാണ് സ്നേഹക്കൂടുതൽ എന്ന് ഏട്ടൻ നിരഞ്ജൻ എന്നും പറയാറുമുണ്ട്.നന്നായി പഠിക്കുകയും, പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്‌ഥമാക്കുകയും ചെയ്യുന്ന നന്ദന സ്കൂളിലും ടീച്ചേഴ്സിന്റെ കണ്ണിലുണ്ണിയായിരുന്നു.

സൂരജിന്റെ അച്ഛൻ ട്രാൻസ്ഫർ ആയി ചോലത്തൂരിലെ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതുകൊണ്ട് ഇവിടെത്തിയിട്ട് ദിവസങ്ങളേ ആവുന്നുള്ളൂ.അവൻ കോളേജിൽ ഡിഗ്രി സെക്കന്റ് ഇയറിലേക്ക് അഡ്മിഷൻ എടുത്തു.ക്ലാസ്സ്‌ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.+2 എക്സാം കഴിഞ്ഞ് മടങ്ങിവരുന്ന നന്ദനയെ അവളുടെ വീട്ടിലേക്കുള്ള വഴിയിൽ വെച്ചാണ് സൂരജ് ആദ്യമായി കാണുന്നത്. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ്‌ കളിക്കുകയായിരുന്ന അവൻ ഒരുനിമിഷം പരിസരം മറന്ന് നന്ദനയുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു!!അവളും സൂരജിനെ കണ്ടെങ്കിലും പരിചയമില്ലാത്തതിനാൽ കൂട്ടുകാരിക്കൊപ്പം എക്സാം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് വീട്ടിലേക്ക് നടന്നു. പിന്നീടുള്ള ദിവസങ്ങളിൽ സൂരജ് ആ വഴിയിൽ പലതവണ കാത്തു നിന്നെങ്കിലും അവൾ അതുവഴി വന്നതേയില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം അക്കരെയുള്ള ടൗണിൽ പോകാൻ നന്ദനയും, കൂട്ടുകാരിയും കൂടി തോണിക്കായി കാത്തു നിൽക്കുന്നത് സൂരജ് കണ്ടു.കടും ചുവപ്പും,പച്ചയും നിറമുള്ള പട്ടുപാവാടയിൽ അവൾ കൂടുതൽ സുന്ദരിയായതായി അവനു തോന്നി. തോണി കരയ്ക്കടുത്തപ്പോൾ അവനും തോണിയിൽ കയറി നന്ദനയുടെ നേരെ മുന്നിൽ ഇരുന്നു.പുഴയിലെ ഓളങ്ങളിലേക്ക് ഉറ്റുനോക്കുന്ന അവളുടെ കണ്ണുകളിലെ തിളക്കത്തിലേക്ക് ഒരു നിമിഷം സൂരജ് നോക്കി നിന്നു. താൻ നോക്കുന്നത് നന്ദന കണ്ടെന്നു മനസ്സിലാക്കിയ സൂരജ് അവളോട്‌ പേര് എന്താണെന്നു ചോദിച്ചു. “എന്റെ പേര് പേരക്ക.

നാട് നാരങ്ങ. ഇനി വല്ലതും അറിയണോ?”എന്ന് കുസൃതി ചിരിയോടെ ചോദിച്ചു. വേണ്ടെന്ന അർത്ഥത്തിൽ സൂരജ് തലയാട്ടി.”നന്ദനേ.പാസ്സാകില്ലേടീ.. പേടിയാകുന്നു.”എന്ന കൂട്ടുകാരിയുടെ വാക്കിൽ നിന്നും ‘പേരെന്താണെന്ന് താൻ പറഞ്ഞില്ലെങ്കിലും ഞാനറിഞ്ഞു’ എന്ന ഭാവത്തിൽ സൂരജ് അവളെ നോക്കി. തോണി അക്കരെയെത്തി.അവൾ തിരികെ വരും വരെ സൂരജ് അവിടെ കാത്തുനിന്നു.അവൻ കൂട്ടുകാരിയോട് പാസ്സായോ എന്ന് ചോദിച്ചപ്പോൾ അവൾ പാസ്സായി എന്നും, നന്ദൂന് ഫസ്റ്റ് ക്ലാസ്സുണ്ട് എന്നും അറിയിച്ചു.സൂരജ് രണ്ടു പേർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.നന്ദന അവനോടു നന്ദി പറഞ്ഞു.

തോണി ഇക്കരെയെത്തുമ്പോഴേക്കും സൂരജ് മനസ്സിൽ ഉറപ്പിച്ചു: ‘തനിക്കൊരു പെണ്ണുണ്ടെങ്കിൽ അത് ഈ നന്ദൂട്ടി ആയിരിക്കുമെന്ന് ‘!!പിന്നീട് പല ദിവസങ്ങളിലും അവർ കണ്ടുമുട്ടി.രണ്ടുപേരും ഒരേ കോളേജിൽ ആയിരുന്നു പഠിച്ചത്.നന്ദൂട്ടീ എന്നും, സൂര്യേട്ടാ എന്നും പലതവണ അവർ പരസ്പരം വിളിച്ചു.ഒരു ദിവസം തോണിയിൽ നിന്നും ഇറങ്ങുമ്പോൾ പുഴയിലേക്ക് വീഴാൻ പോയ നന്ദനയെ വീഴാതെ കാത്തുസൂക്ഷിച്ചതും സൂരജ് ആയിരുന്നു. അന്നാദ്യമായി അവന്റെ കൈകൾ നന്ദനയുടെ മൃദുലമായ കൈകളുടെ സ്പർശനമറിഞ്ഞു. തോണിയോടും പുഴയോടും അവനന്ന് മനസ്സാൽ നന്ദി പറഞ്ഞു.

4 വർഷം കൊഴിഞ്ഞുപോയത് വളരെ പെട്ടെന്നായിരുന്നു.ഇത്ര അടുത്തിട്ടും ഒരിക്കൽ പോലും സൂരജ് നന്ദനയോട് അവന്റെ ഇഷ്ടം പറഞ്ഞിരുന്നില്ല. പറഞ്ഞാൽ അവളുടെ ഫ്രണ്ട്‌ഷിപ് തനിക്ക് നഷ്ടമാകുമോ എന്ന ഭയമായിരുന്നു അവന്.അച്ഛന് ട്രാൻസ്ഫർ ആയതിനാൽ കുന്നംകുളത്തേക്ക് പോകുന്ന ദിവസം സൂരജ് നന്ദനയോടു പറഞ്ഞു: “നന്ദൂട്ടി, ഞാനിന്ന് പോവുകയാണ്. അച്ഛന് കുന്നംകുളത്തുള്ള സ്കൂളിലേക്ക് ട്രാൻസ്ഫർ ആണ്. പോകുന്നതിനു മുൻപ് നിന്നോട് ഒരു കാര്യം….”പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ നന്ദന പതിയെ അവനോടായി പറഞ്ഞു : “വേണ്ട.സൂര്യേട്ടാ. ഒന്നും പറയണ്ട.എനിക്കറിയാം എന്താണ് പറയാൻ പോകുന്നതെന്ന്… ഞാൻ അച്ഛനൊരു വാക്ക് കൊടുത്തിട്ടുണ്ട്.അച്ഛൻ പറയുന്ന ആളെയെ വിവാഹം കഴിക്കൂ എന്ന്. അച്ഛന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം. i സൂര്യേട്ടൻ പോയി വരൂ. നമുക്കെന്നെങ്കിലും കാണാം.”ഇത്രയും പറഞ്ഞു തിരിച്ചു നടക്കുന്ന നന്ദനയെ അവൾ കണ്ണിൽ നിന്നും മറയുന്ന വരെ നിറഞ്ഞ കണ്ണുകളാൽ നോക്കി നിൽക്കാനേ സൂരജിന് കഴിഞ്ഞുള്ളൂ. സൂരജ് കാണാത്ത ഇടത്തെത്തിയപ്പോൾ നന്ദന പുഴക്കരയിലിരുന്ന് ഹൃദയം തകർന്ന വേദനയാൽ പൊട്ടിക്കരഞ്ഞു.പുഴയിലെ ഓളങ്ങൾ പോലും അവളുടെ ദുഃഖത്തിൽ പങ്കുചേർന്നു.ഒരു ഇളം കാറ്റ് അവളെ തഴുകി കടന്നു പോയി.അച്ഛന് കൊടുത്ത വാക്കിന് വേണ്ടി ഓരോ നോക്കിലും, വാക്കിലും വർഷങ്ങളായി ഇഷ്ടം പറയാതെ പറഞ്ഞുകൊണ്ടിരുന്ന സൂര്യേട്ടനെ അവൾ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിച്ചു. തനിക്കൊരിക്കലും അതിനു സാധിക്കില്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നതു വരെ!!!

ദിവസങ്ങൾ കടന്നുപോയി. ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയിട്ടില്ലാത്ത കാലമായതിനാൽ നന്ദനയും, സൂരജും തമ്മിൽ പിന്നീടൊരു കൂടിക്കാഴ്ച ഉണ്ടായില്ല.എഴുതി പൂർത്തിയാക്കാനാകാതെ ഒരുപാട് കത്തുകൾ സൂരജിന്റെ മുറിയിലെ പേപ്പർ ബാസ്കറ്റിൽ നിറഞ്ഞു. നന്ദനയുടെ അന്നത്തെ വാക്കുകൾ ഓർത്താൽ പലപ്പോഴും അവനാകെ നിർജീവ അവസ്ഥയിലായിപ്പോകാറുണ്ട്.

എന്നാലും അവളെ മറക്കാനോ, വെറുക്കാനോ സൂരജിനായില്ല.നന്ദനയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.സൂര്യേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ പിന്നെ ഉണ്ടായിട്ടില്ല.ഒരുപാട് നാൾ ഒരേ ദിശയിൽ സഞ്ചരിച്ചിരുന്നവർ ഇരുദിശയിൽ എങ്ങോട്ടെന്നില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.

നന്ദന പഠനമൊക്കെ കഴിഞ്ഞ് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിച്ചു.അവൾക്ക് കല്യാണ ആലോചനകൾ തകൃതിയായി നടന്നുകൊണ്ടിരുന്നു.ഒരു ദിവസം രാത്രി അച്ഛൻ നന്ദഗോപാൽ അവളെ അടുത്തുവിളിച്ചിട്ടു പറഞ്ഞു:”മോളെ, എന്റെ ചങ്ങാതിയായ സന്തോഷിനു ഒരു മകനുണ്ട്.പേര് ധനേഷ്.സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്.നാളെ അവരിങ്ങോട്ട് മോളെ കാണാൻ വരുന്നുണ്ട്.ഓഫീസിൽ ലീവ് പറയണം കേട്ടോ..”ശരിയെന്നു തലയാട്ടി അവൾ ഉറങ്ങാൻ കിടന്നു.വർഷങ്ങൾക്കപ്പുറത്ത് ഒരു പിറന്നാളിന് സൂരജ് സമ്മാനമായി കൊടുത്ത കൃഷ്ണവിഗ്രഹത്തിൽ നോക്കി എപ്പോഴോ അവൾ ഉറങ്ങി. പെണ്ണ് കാണലും, ഉറപ്പിക്കലും, കല്യാണവുമൊക്കെ ഭംഗിയായി കഴിഞ്ഞു.

സർവാഭരണ വിഭൂഷിതയായ അവളെ അച്ഛനും,അമ്മയും,ഏട്ടനും കൂടി ധനേഷിന്റെ കൈയിൽ ഏല്പിച്ചു.”ഇവൾ ജോലിക്ക് പോയിട്ടു വേണ്ട ഇവിടെ കുടുംബം കഴിയാൻ” എന്ന് പറഞ്ഞു നന്ദനയുടെ ജോലിക്ക് അവന്റെ വീട്ടുകാർ വിരാമമിട്ടു.കുറച്ചു നാൾ സന്തോഷപ്രദമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് നന്ദനയെ ധനേഷ് വഴക്ക് പറയലും, ചെയ്യുന്നതിലെല്ലാം കുറ്റം കണ്ടെത്തലുമൊക്കെ പതിവായി.അമ്മ ഉണ്ടായിരുന്നെങ്കിലും വീട്ടുജോലികൾ മുഴുവനും നന്ദനയാണ് ചെയ്യുന്നത്. നേരം വെളുത്ത് രാത്രിയാകുന്നതുവരെ അവൾ ധനേഷിന്റെ വീട്ടിൽ ഒരു യന്ത്രമായി ജോലി ചെയ്തു.രാവിലെ ധനേഷ് ജോലിക്ക് പോകാൻ നേരം ഭക്ഷണം കൊടുക്കേണ്ട സമയമാകുമ്പോഴേക്കും പരീക്ഷയുടെ അവസാന നിമിഷം പോലെ വെപ്രാളപ്പെട്ട് ബ്രേക്ഫാസ്റ്റ് കൊണ്ടുവെക്കുമെങ്കിലും ഇടയ്ക്ക് പാത്രങ്ങളൊക്കെ അന്തരീക്ഷത്തിൽ പാറി നടക്കും!!ഉപ്പുകുറഞ്ഞു…

മുളക് കൂടി… ഇങ്ങനെ കുറ്റങ്ങൾ ഓരോ ദിവസവും ഓരോന്നാവും അവൻ കണ്ടെത്തുന്നത്.അവളവനെ എതിർത്ത് മറുത്തൊരു വാക്ക് പോലും പറഞ്ഞില്ല.മാനസിക പീഡനങ്ങൾ സഹിച്ചു നിൽക്കുന്നു എന്ന് കണ്ടപ്പോൾ ശാരീരികമായി നന്ദനയെ ധനേഷ് ഒരുപാട് ഉപദ്രവിച്ചു.നന്ദന സങ്കടങ്ങൾ എല്ലാം അവൾ നിധിയായി സൂക്ഷിച്ചു വെച്ചിരുന്ന ആ കൃഷ്ണവിഗ്രഹത്തോട് മാത്രം പങ്കുവെച്ചു.സ്നേഹപൂർണമായ ഒരു വാക്കോ, നോക്കോ പോലും നന്ദനയ്ക്കു പിന്നീടൊരിക്കലും ധനേഷിൽ നിന്നും ലഭിച്ചില്ല.കണ്ണുകൾ സമുദ്രങ്ങൾ ആകാത്ത ഒരു ദിവസം പോലും പിന്നീടവൾക്ക് ഉണ്ടായില്ല.പലതവണ ആത്മഹത്യ ചെയ്യാനൊരുങ്ങിയെങ്കിലും അച്ഛനെ ഓർത്ത് അവൾ എല്ലാം സഹിച്ചു.വീട്ടുകാരും, ഫ്രണ്ട്സും ചോദിക്കുമ്പോൾ അവൾ അവരോട് ‘തനിക്ക് കിട്ടിയ മഹാഭാഗ്യമാണ് ധനേഷ്’ എന്ന രീതിയിൽ സംസാരിച്ചു.”ideal couple” എന്ന് അവരുടെ സുഹൃത്തുക്കളും അവരെ വിളിച്ചു.നന്ദഗോപാൽ തന്റെ മരുമകനെ ഓർത്ത് അഭിമാനം കൊള്ളുന്നത് കാണുമ്പോൾ ഇടനെഞ്ചിലെവിടെയോ ഒരു വിങ്ങൽ നന്ദനയ്ക്ക് അനുഭവപ്പെട്ടു.

അതിനിടയിൽ മരുഭൂമിയിലെ മഴ പോലെ യദുനന്ദ് ജനിച്ചു!!പിന്നീടവളുടെ രാവും പകലും മോനു വേണ്ടിയായിരുന്നു.നന്ദന മോനെ പൊന്നുപോലെ വളർത്തി. അവളോടുള്ള ദേഷ്യം ഇടയ്ക്ക് അതിരു കടക്കുമ്പോൾ കൂടുതൽ മാനസികമായി തളർത്താൻ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി യദുവിനെ തല്ലുന്നതും ധനേഷ് ശീലമാക്കി.അച്ഛൻ എന്നാൽ യദുവിന് പേടിസ്വപ്നമായിരുന്നു. “അച്ഛാ” എന്ന് മോൻ സ്നേഹത്തോടെ വിളിക്കുന്നത് കേൾക്കാൻ നന്ദന ഒരുപാട് ആഗ്രഹിച്ചെങ്കിലും അത് സംഭവ്യമായില്ല.പേടിയോടെയല്ലാതെ ഒരു വാക്ക് പോലും അവൾ ധനേഷിനോട് സംസാരിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു നാൾ മോനെ കുളിപ്പിച്ച് റൂമിലെത്തിയപ്പോൾ നന്ദന കാണുന്നത് കലിതുള്ളി നിൽക്കുന്ന ധനേഷിനെയായിരുന്നു!മനസ്സിൽ ആഗ്രഹിച്ച ഷർട്ട്‌ കിട്ടാത്തതിനാൽ നന്ദനയെ അവൻ പൊതിരെ തല്ലി.അവന്റെ ആക്രമണത്തിൽ നന്ദന അവശയായി നിലത്തു വീണുപോയി! അവളെ ഒന്ന് തിരിഞ്ഞു നോക്കാതെ ധനേഷ് പുറത്തേക്കിറങ്ങിപ്പോയി. വിധിയെ പഴിച്ചു മോനെ കെട്ടിപ്പിടിച്ചു കരയുമ്പോൾ പുറത്ത് കാളിങ് ബെൽ മുഴങ്ങി.

നന്ദഗോപാൽ ആയിരുന്നു പുറത്ത്.ഓടിപ്പോയി മുഖം കഴുകി ഒരു പുഞ്ചിരിയോടെ നന്ദന അച്ഛനെ ഹാളിൽ സ്വീകരിച്ചിരുത്തി. വിശേഷങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ അവളുടെ മുഖത്തുള്ള വിരൽ പാടുകളും, കരഞ്ഞു തളർന്ന മിഴികളും അയാളുടെ ശ്രദ്ധയിൽപെട്ടു.എന്തൊക്കെയോ പറഞ്ഞു അച്ഛനോട് കാര്യം പറയാതിരിക്കാൻ ശ്രമിച്ചെങ്കിലും എല്ലാത്തിനും ദൃക്‌സാക്ഷി ആയ യദുനന്ദ് അപ്പൂപ്പനോട് കാര്യങ്ങൾ പറഞ്ഞു.ഇടി വെട്ടേറ്റത് പോലെ അയാൾ ഒരുനിമിഷം നിന്നു.അച്ഛനെ കെട്ടിപിടിച്ച് നന്ദന ഒരുപാട് കരഞ്ഞു.പിന്നീടൊരു നിമിഷം പാഴാക്കാതെ തന്റെ പൊന്നോമന മകളുടെയും,പേരക്കുട്ടിയുടെയും കൈയും പിടിച്ച് അയാൾ ആ വീട്ടിൽ നിന്നിറങ്ങി.താനിത്ര നാളും താമസിച്ച നരകതുല്യമായ ആ വീടിന്റെ ഗേറ്റ് കടക്കുമ്പോൾ അവൾ മനസ്സിൽ ഇനിയൊരിക്കലും ആ പടി തിരിച്ചു കയറില്ലെന്ന് ദൃഢ നിശ്ചയം എടുത്തു കഴിഞ്ഞിരുന്നു!!

അത്രയും കാലത്തെ നരകതുല്യമായ ജീവിതത്തിലെ കയ്പ്പേറിയ ഓർമകളിൽ നിന്നും അവളെ കരകയറ്റിയത് അമ്മൂമ്മയും, അമ്മയും ചേർന്നായിരുന്നു. അച്ഛനും,ഏട്ടനും മുൻപത്തേതിനേക്കാൾ സ്നേഹവും,പരിഗണനയും അവൾക്കു നൽകി.ഡിവോഴ്സ് പേപ്പറിൽ അച്ഛൻ കാണിച്ചു കൊടുത്ത ഇടങ്ങളിൽ അവൾ ഒപ്പിട്ടു നൽകി.ധനേഷിന്റെ വിവാഹം കഴിഞ്ഞെന്ന വാർത്ത അവളെ ഒട്ടും വേദനിപ്പിച്ചില്ല.എത്ര പെട്ടെന്നാണ് 2 വർഷം കഴിഞ്ഞുപോയത്? ഒക്കെ ഒരു ദുഃസ്വപ്നമായി മറന്നു തുടങ്ങിയിരിക്കുന്നു!!ഇതിനിടയിൽ നന്നായി പഠിച്ച് PSC എഴുതി സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ സെക്കന്റ്‌ റാങ്ക് കരസ്തമാക്കിയതായി നന്ദന സൂരജിനെ അറിയിച്ചു.അതുകേട്ടപ്പോൾ അവന് ഒരുപാട് സന്തോഷമായി.കാരണം തന്റെ നന്ദൂട്ടിക്ക് ഒരു നല്ല ജീവിതം ഉണ്ടാകണേ എന്ന് സൂരജിനെപ്പോലെ ആഗ്രഹിച്ച വേറൊരാൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നില്ല എന്നതു തന്നെ!!അവൾ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടപ്പോൾ തല കറങ്ങുന്നതായി സൂരജിന് തോന്നി. എങ്ങനെയാവും നന്ദൂട്ടി ഇതൊക്കെ സഹിച്ചു കാണുക എന്ന ചിന്ത ആയിരുന്നു അവന്റെ മനസ്സ് മുഴുവൻ നിറഞ്ഞു നിന്നത്.

യദുനന്ദ് കളിച്ചു തളർന്ന് സൂരജിന്റെ മടിയിലിരുന്നു കുസൃതി കാണിക്കുന്നുണ്ടായിരുന്നു. മകന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ നന്ദനയ്ക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. സൂരജിനൊന്നും ചോദിക്കാനോ,പറയാനോ അവസരം കൊടുക്കാതെ അവൾ മകന്റെ കൈയും പിടിച്ചുകൊണ്ട് കുളത്തിലെ മീനുകളെ കാണിച്ചു കൊടുക്കാൻ പോയി.കുറെ നേരം നന്ദന അവിടെ മകനൊപ്പം ചിലവഴിച്ചു.ഒരു ദീർഘ നിശ്വാസത്തോടെ കൈക്കുമ്പിൽ വെള്ളം കോരിയെടുത്ത് മുഖം കഴുകി പടികൾ കയറി മുകളിലെത്തിയപ്പോൾ അച്ഛനുമായി സംസാരിക്കുന്ന സൂരജിനെയാണ് കണ്ടത്. അവർ, അവളെ കണ്ടപ്പോൾ പെട്ടെന്ന് സംസാരം നിർത്തിയത് പോലെ നന്ദനയ്ക്ക് തോന്നി.കാഴ്ചകളെ പിന്നിലാക്കിക്കൊണ്ട് കാർ വീട്ടിലേക്ക് കുതിക്കുമ്പോൾ കഴിഞ്ഞുപോയ കാലത്തെ ഓർമകളെ അവൾ, മറവിയുടെ കാണാക്കയങ്ങളിലേക്ക് പറഞ്ഞയക്കുകയായിരുന്നു!!

പിറ്റേന്ന് രാവിലെ നന്ദഗോപാൽ അവളെ അടുത്തേക്ക് വിളിച്ചു പറഞ്ഞു :”മോളെ, അച്ഛൻ പറഞ്ഞതെല്ലാം മോള്‌ ഇതുവരെ അനുസരിച്ചിട്ടുണ്ട്. 2 വർഷമായിട്ടും അച്ഛൻ നിന്നോട് ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കാനേ പറഞ്ഞിട്ടില്ല.എന്നാൽ എനിക്കു വേണ്ടി മോൾ ഇന്ന് പെണ്ണ് കാണാൻ വരുന്നവർക്ക് മുന്നിൽ വരണം.എല്ലാകാര്യങ്ങളും അറിഞ്ഞു തന്നെ വരുന്നവരാണ് മോളെ…

പ്ലീസ് “തനിക്കു മുന്നിൽ തൊഴുകൈയോടെ നിൽക്കുന്ന അച്ഛനോട് എന്തു പറയണമെന്ന് അറിയാതെ അവൾ കുഴങ്ങി.പുറത്ത് കാളിങ്ബെൽ മുഴങ്ങി.അച്ഛൻ ധൃതിയിൽ വന്നവരെ സ്വീകരിച്ചിരുത്താൻ പോകുന്നത് നിർവികാരതയോടെ അവൾ നോക്കി നിന്നു. ചായയുമായി ചെല്ലാൻ അച്ഛൻ പറഞ്ഞതനുസരിച്ചു ഒരു പാവയെപ്പോലെ അവൾ ചെന്നു.ആരുടെയും മുഖം നോക്കാതെ ചായ കൊടുത്ത് തിരികെ നടക്കാനൊരുങ്ങിയ അവൾ പുറകിൽ നിന്നും ഉണ്ടായ “നന്ദൂട്ടി….”വിളി കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി!!അത് സൂരജായിരുന്നു. ഒരു ചെറു പുഞ്ചിരിയുമായി തന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കുന്ന സൂരജിനെ കണ്ടപ്പോൾ അവൾ പതിയെ അച്ഛന്റെ മുഖത്തേക്ക് നോക്കി. അയാൾ പറഞ്ഞു.

“മോളെ, ഇന്നലെ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ സൂരജ് എന്നോട് എല്ലാം പറഞ്ഞു. നീ എനിക്കു വേണ്ടി വേണ്ടെന്നു വെച്ച ജീവിതം ഈ വൈകിയ വേളയിലെങ്കിലും നിനക്ക് നൽകാൻ എന്നെ നീ അനുവദിക്കു മോളെ.”ഇത്രയും പറഞ്ഞു അയാൾ സൂരജിന്റെ കൈകളിലേക്ക് നന്ദനയുടെ കൈകൾ ചേർത്തു വെച്ചു!!അപ്പോഴേക്കും രണ്ട് സാഗരങ്ങൾ ഒന്നായിച്ചേർന്നു ഒഴുകാൻ തുടങ്ങിയിരുന്നു…സന്തോഷം കൊണ്ടാണോ, സങ്കടം കൊണ്ടാണോ കണ്ണുകൾ നിറഞ്ഞൊഴുകുന്നതെന്ന് സൂരജിനോ നന്ദനയ്ക്കോ തിരിച്ചറിയാനായില്ല!!

ഒരാഴ്ച കഴിഞ്ഞുള്ള ശുഭ മുഹൂർത്തത്തിൽ അമ്പലത്തിൽ വെച്ച് നന്ദനയുടെ കഴുത്തിൽ സൂരജ് താലി ചാർത്തി. സിന്ദൂരചെപ്പിൽ നിന്നും കുങ്കുമം നന്ദനയുടെ നെറുകയിൽ തൊടുമ്പോൾ ചിരകാല സ്വപ്നം പൂവണിയുന്നതായി സൂരജിന് തോന്നി.അച്ഛനോട് യാത്ര പറയാൻ നേരം യദുവിനെ മടിയിലിരുത്തി താലോലിക്കുന്ന സൂരജിനെ നന്ദനയും നന്ദഗോപാലും ശ്രദ്ധിച്ചു. അവർ തമ്മിൽ എന്തോ മുൻജന്മ ബന്ധം ഉള്ളത് പോലെ അവർക്കൊക്കെ തോന്നി.അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ നന്ദഗോപാൽ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.

സൂരജിനോട് കുസൃതി കാണിക്കുന്ന യദുവിനെ നോക്കിക്കൊണ്ട് സൂരജിന്റെ കൈയിൽ കൈ ചേർത്ത് നന്ദന തനിക്കായി അച്ഛൻ സമ്മാനിച്ച പുതുജീവിതത്തിലേക്ക് നിറഞ്ഞ മനസ്സുമായി യാത്ര തുടർന്നു. ഇനി ഒരിക്കലും തന്റെ നന്ദൂട്ടിക്ക് കരയേണ്ടി വരില്ലെന്ന് സൂരജും മനസ്സിൽ ഉറപ്പിച്ചിരുന്നു. കൈയിലുണ്ടായിരുന്ന സിന്ദൂരച്ചെപ്പ് അവൻ നന്ദനയുടെ കൈയിൽ കൊടുക്കുമ്പോൾ രണ്ടുപേരും കണ്ണുകളുടെ അഗാധതയിലേക്ക് അവരറിയാതെ സഞ്ചരിക്കുകയായിരുന്നു!!!!

രചന: രോഷ്‌ന കക്കോത്ത്.

Leave a Reply

Your email address will not be published. Required fields are marked *