Categories
Uncategorized

അച്ഛനുമമ്മയും നിർബന്ധിച്ചപ്പോൾ വെറുതെ പെണ്ണുകാണലിന് നിന്ന് കൊടുത്തതാ…

രചന: Femina mohamed

“എടീ , നിന്നെ കാണാൻ കുറച്ച് കൂട്ടർ ഇന്നലെ വന്നു എന്ന് കേട്ടല്ലോ , ശെരി ആണോ ..?”

കൂട്ടുകാരികളുടെ ആക്ഷേപ ചോദ്യത്തിന് മുൻപിൽ മാളവിക പരുങ്ങി .

” അച്ഛനുമമ്മയും നിർബന്ധിച്ചപ്പോൾ വെറുതെ പെണ്ണുകാണലിന് നിന്ന് കൊടുത്തതാ ..”

” എന്നിട്ട് , ചെറുക്കനും കൂട്ടർക്കും നിന്നെ ഇഷ്ടപ്പെട്ടന്നാണല്ലോ എന്റെ അച്ഛൻ പറഞ്ഞത് .”

അയൽക്കാരിയായ കൂട്ടുകാരി ശാലിനി എല്ലാം അറിഞ്ഞിരിക്കുന്നു .

ഗവൺമെന്റ് ആർട്സ് കോളേജിൽ ബി.എ . ഇക്കണോമിക്സ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളാണ് അവർ . സുന്ദരിയായ മാളവിക പഠനത്തിനെന്ന പോലെ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും എന്നും മുൻപന്തിയിലാണ് .

ഡിഗ്രിയും , പോസ്റ്റ് ഗ്രാജ്വേഷനും , നെറ്റും , റിസർച്ചും കഴിഞ്ഞ് കോളേജ് അധ്യാപികയാകാൻ അവൾ ആഗ്രഹിക്കുന്നു . ജോലി കിട്ടാതെ വിവാഹത്തിന് തയ്യാറല്ല എന്ന് അവൾ എപ്പോഴും അച്ഛനോടും അമ്മയോടും കൂട്ടുകാരോടും പറയുമായിരുന്നു .

കൂട്ടുകാരികളുടെ പരിഹാസത്തിൽ മനം നൊന്ത് മാളവിക വീട്ടിലെത്തി .

“മോളേ , അച്ഛനതങ്ങ് ഉറപ്പിക്കാനാ കരുതുന്നേ … അവർക്ക് നമ്മളെ ഇഷ്ടമായി.. നല്ല കൂട്ടരാ ..”

” അമ്മേ , എനിക്കിപ്പോൾ കല്യാണം വേണ്ട .. പഠിക്കാൻ ഒരുപാടുണ്ട് .. ഇപ്രാവശ്യം ഡിസോണിന് എന്റെ രണ്ട് നൃത്തരൂപങ്ങൾക്കും ഫസ്റ്റ് വാങ്ങണം .. ”

” മാളൂട്ടീ , നീ വാശി പിടിക്കണ്ട .. നിനക്ക് താഴെ ഒരെണ്ണം കൂടി വളർന്നു വരുന്നെന്ന് ഓർക്കണം .. നിന്റെ കഴിഞ്ഞിട്ടു വേണം അവൾക്ക് വേണ്ടി ഒന്നേന്നു തുടങ്ങാൻ.. ”

അമ്മ ദേഷ്യപ്പെട്ട് അവൾക്കുള്ള ചായയും പലഹാരവും ടേബിളിൽ എടുത്ത് വച്ച് അടുക്കളയിലേക്ക് പോയി .

” അമ്മു പത്തിലല്ലേ ആയുള്ളൂ .. അപ്പോഴേക്കും അവൾടെ പേരും പറഞ്ഞ് എന്നെ പറഞ്ഞയക്കാനാ ഭാവം .. ” മാളവിക ആരോടെന്നില്ലാതെ പിറുപിറുത്തു .

“മാളൂട്ടീ , അവർ പഠിപ്പിക്കും മോളേ .. അച്ഛൻ എല്ലാം പറഞ്ഞിട്ടുണ്ട് .. ഓട്ടോക്കാരനെങ്കിലും അവൻ നല്ലവനാ …”

കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോണെടുത്തും , സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും , കുറി വിളിച്ചും ഇരുപത്തഞ്ച് പവൻ അച്ഛൻ മകൾക്കായി ഒരുക്കി .

അങ്ങനെ , ഒരു ഞായറാഴ്ച വിനോദ് എന്ന വെളുത്ത് നീണ്ടു മെലിഞ്ഞ യുവാവ് മാളവികക്ക് താലി ചാർത്തി .

“മാളൂട്ടീ , അതാണ് മോളേ ഇനി നിന്റെ വീട് … അവിടുള്ളവരെല്ലാം മോളുടെ സ്വന്തമാണ് .. ”

അച്ഛനുമമ്മയും കണ്ണീരിനാൽ കുതിർന്ന് ഉമ്മകൾ കൊണ്ട് മാളവികയെ ആലിംഗനം ചെയ്ത് യാത്രയാക്കി .

പഴയ ഓടിട്ട വീട്ടിൽ , വിനോദിനെ കൂടാതെ അവന്റെ അച്ഛനും അമ്മയും ചേട്ടനും ചേടത്തിയും വിവാഹം കഴിഞ്ഞ പെങ്ങളും രണ്ട് കുട്ടികളുമാണ് താമസം .

ആദ്യത്തെ രണ്ട് ദിവസങ്ങൾ കോളേജിൽ പോയി തിരിച്ചെത്തിയപ്പോൾ അവൾക്ക് വീട്ടുപണികൾ കുമിഞ്ഞുകൂടി കിടക്കുകയായിരുന്നു . നാത്തൂൻ വിശ്രമത്തിലും , ചേടത്തി ചേട്ടന്റെ കാര്യങ്ങൾ മാത്രം ഭംഗിയായി ചെയ്ത് ഒതുങ്ങി കഴിഞ്ഞു . വീട്ടിലെ പണികളെല്ലാം ചെയ്ത് ക്ഷീണിച്ച് അവശയായി കിടപ്പറയിലെത്തിയ മാളവികക്ക് , ഭർത്താവിന്റെ പരാക്രമങ്ങൾക്ക് വിധേയമാകേണ്ടി വന്നു . അവന്റെ പ്രവൃത്തികളെ ഉൾക്കൊള്ളാനാകാതെ അവൾ അവനെ വെറുത്തു .

” നീ പഠിക്കാൻ പോകുന്നത് അച്ഛനും അമ്മക്കും താൽപര്യമില്ല .. അവർക്ക് വയസായില്ലേ .. ചേച്ചീടെ മക്കളെ നോക്കാൻ ഇവിടെ ആരുമില്ല ..എല്ലാവരുടേം ഡ്രസ്കളൊക്കെ കഴുകാതെ മുഷിഞ്ഞ് ഇരിക്കാ ..”

അന്നാദ്യമായാണ് പകൽ വെളിച്ചത്തിൽ അവന്റെ മുഖം അവൾ ശ്രദ്ധിക്കുന്നത് . ന്യായീകരണങ്ങൾ നിരത്തി തന്റെ പഠനം നിഷേധിച്ചതിനാൽ അവൾക്ക് അവനോടുള്ള വെറുപ്പ് അധികരിച്ചു . മദ്യലഹരിയാൽ അവൻ , അവൾക്കെതിരെ പലപ്പോഴും അക്രമാസക്തനായി .

‘സുഖം ‘ എന്ന വാക്കിൽ അവളുടെ അമ്മക്ക് അവൾ സംതൃപ്തി നൽകി .

വീട്ടിൽ പണികളെല്ലാം കഴിയുമ്പോൾ അവളുടെ വിശപ്പ് എങ്ങോ പോയി മറഞ്ഞിരിക്കും . കണ്ണാടിയിൽ അവളുടെ രൂപം കാണുമ്പോൾ വേദനയോടെ തേങ്ങി ..താൻ വല്ലാതെ കറുത്ത് മെലിഞ്ഞ് പോയിരിക്കുന്നു ..

ഒരിക്കൽ , അലക്കു കല്ലിന്റെ താഴെ വീണു കിടന്ന അവളെ അവൻ അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത് .

” ആ പേരും പറഞ്ഞ് പണിയെടുക്കാതെ വെറുതെ ഇരുന്ന് തിന്നാനാ .. ആ സൂത്രം ഈ വീട്ടിൽ ചെലവാകില്ല ..” വിനോദിന്റെ അമ്മ മാളവികക്ക് മുന്നറിയിപ്പ് നൽകി .

അവളുടെ അച്ഛനും അമ്മയും അമ്മുവും ഇടക്ക് അവളെ സന്ദർശിക്കാൻ വരുന്നതിൽ ഭർത്താവിന്റെ വീട്ടുകാർ അസഹ്യത പ്രകടിപ്പിച്ചു . അവളുടെ ആഭരണങ്ങൾ മുഴുവനുമെടുത്ത് വിറ്റ് വിനോദ് അവന്റെ പേരിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങി .

പോഷകാഹാരക്കുറവ് മൂലം എല്ലുന്തിയ ശരീരവും വലിയ വയറുമായി മാളവിക കഷ്ടപ്പെട്ടു . രാത്രി സമയങ്ങളിൽ തന്റെയും കുഞ്ഞിന്റേയും വിധിയോർത്ത് ഹൃദയം നുറുങ്ങുമാറ് കരഞ്ഞു . അവന് , അവളോടുള്ള സമീപനം കൂടുതൽ ക്രൂരമായി . അച്ഛന്റേയും അമ്മയുടേയും സ്നേഹത്തോടെയുള്ള “മാളൂട്ടീ” എന്ന വിളിക്കായ് അവൾ എല്ലായ്പ്പോഴും കൊതിച്ചു .

ഭർത്തൃവീട്ടിലെ പീഡനം സഹിക്കാൻ കഴിയാതെ ആയ ഒരു ദിവസം , അവൾ അവരെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലെത്തി . ജനിക്കാനിരുന്ന കുഞ്ഞിലേക്ക് എല്ലാ പ്രതീക്ഷകളേയും ഏകോപിപ്പിച്ചു .

പത്തൊമ്പതാം വയസിൽ സിസേറിയനിലൂടെ അവളൊരു ആൺകുഞ്ഞിന് ജന്മം നൽകി .

“അമ്മ …” പല പ്രാവശ്യം മാളവിക ആ വാക്ക് ഉരുവിട്ടു . വിനോദിനോടുള്ള വെറുപ്പ് കൂടുന്തോറും അവൾ കുഞ്ഞിനായി കൂടുതൽ പാൽ ചുരന്നു .

” സ്വന്തം ജീവിതത്തിന്റെ തിരക്കഥ എഴുതാൻ മറ്റുള്ളവരെ അനുവദിച്ച് അവർ മെനഞ്ഞെടുത്ത ജീവിതം ജീവിച്ചു തീർക്കാൻ ഇനി ഭർത്താവിന്റെ വീട്ടിലേക്കില്ല ” ഉറച്ച തീരുമാനം ..

വിവാഹം , കുടുംബം , ഭർത്താവ് , മക്കൾ , അച്ഛൻ , അമ്മ എന്നീ ബാധ്യതകൾക്ക് നടുവിലും ഒരു സ്ത്രീ ജീവിക്കുമ്പോൾ അവൾ അടക്കി പിടിച്ച അവളുടെ ലക്ഷ്യം , സ്വപ്നം എല്ലാം ഒരു മൗനമാണ് .. അവളുടെ മനസ്സിൽ ആർത്തിരമ്പുന്ന മൗനം ..

അച്ഛനും അമ്മക്കും എല്ലാം ബോധ്യമായിരിക്കുന്നു . കുറ്റബോധത്താൽ നീറുന്ന അവർ , അവൾക്ക് തണൽവൃക്ഷമായി … വിനോദ് എന്ന രോഗത്തെ അവളിൽ നിന്ന് അടർത്തിമാറ്റാൻ അവർ തയ്യാറാണ് …

നഷ്ടപ്പെട്ട വർഷം , അത് ജീവിതത്തിന്റെ കറുത്ത അധ്യായമായി അവശേഷിക്കട്ടെ ..ആ ഓർമ്മകൾ ഭാവിയിൽ കരുത്തും ധൈര്യവും നൽകും …

‘മുടങ്ങിയ പഠനം പൂർത്തിയാക്കണം ..

ആഗ്രഹിച്ച പോലെ നല്ല ജോലി നേടണം ..

മകനെ അല്ലലില്ലാതെ വളർത്തണം .. കാലുകളിൽ വീണ്ടും ചിലങ്കയണിയണം …

എല്ലാം , ഒന്നൊന്നായി തിരിച്ച് പിടിച്ച് ഇനിയും ജീവിതത്തിൽ വെളിച്ചം വീഴ്ത്തണം .. ‘

നല്ല നാളേക്കായുള്ള കാത്തിരിപ്പുകൾ ……….

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Femina mohamed

Leave a Reply

Your email address will not be published. Required fields are marked *