രചന: Dhanya Shamjith
“ധനുവേ….. നീയൊന്നു വരുന്നുണ്ടോ? കാവില് താലം കൊട്ടി കേറാറായി.. ” “ദാ.. വരുവാ….. തിടുക്കപ്പെട്ട് മോളേയും കൂട്ടി പുറത്തേക്കിറങ്ങിയതും കണ്ടു അക്ഷമനായി നിൽക്കുന്ന ഏട്ടനെ.
“എത്ര നേരായീ ടീ ഒരുങ്ങാൻ തുടങ്ങീട്ട്? അമ്പലത്തിൽ പോവുമ്പോഴും വേണോ മേക്കപ്പ്.? “നിങ്ങക്കങ്ങനെ പറയാം, ആകപ്പാടെ ഒന്ന് കണ്ണെഴുതി പൊട്ടു തൊട്ടു ഇതാണോ മേക്കപ്പ്? കുറ്റം പറയാതെ വണ്ടിയെടുക്കാൻ നോക്ക് മനുഷ്യ…
അതും പറഞ്ഞ് മോളെ ബൈക്കിന് ഫ്രണ്ടിലേക്കിരുത്തി അവളും ചാടിക്കയറി… ശരിയാണ് താലപ്പൊലി കാവിലേക്കടുക്കാറായിട്ടുണ്ട്,, അടുത്തടുത്തു വരുന്ന മേളം ഇവടുന്നേ കേൾക്കാം.. തിരക്കൊഴിഞ്ഞ സ്ഥലം നോക്കി ബൈക്കൊതുക്കി താലപ്പൊലി വരുന്ന വഴിയരികിൽ സ്ഥാനം പിടിച്ചു.
കസവുമുണ്ടുടുത്ത് കൈയ്യിൽ പൂത്താലമേന്തിയ പെൺകൊടികളെ കാണാൻ നല്ല ഭംഗി, അന്തരീക്ഷത്തിലാകെ ചന്ദനത്തിരികളുടെ ഗന്ധം. വാദ്യഘോഷങ്ങൾ ആടിത്തിമിർക്കുന്ന കൂട്ടവും കടന്ന് കണ്ണും കാതും കൊട്ടിക്കയറുന്ന ചെണ്ടമേളത്തിലേക്കെത്തി. എന്തൊരു വേഗതയാണ് കൈകൾക്ക്, കേൾക്കുന്നവർ പോലും അറിയാതെയാടിപ്പോവുന്ന മേളക്കൊഴുപ്പ്.. അവളുടെ കണ്ണുകൾ മേളക്കാരുടെ മുഖങ്ങളിലേക്ക് പാളി…ഒരു നിമിഷം,, ഒറ്റയൊരു നിമിഷം കണ്ണുകൾ ഇരുനിറക്കാരനായ ആ മേളക്കാരനിൽ
ഉടക്കി. ദേവീ…. ഇത്…. കാൽവിരലിൽ നിന്നൊരു മിന്നൽ പാഞ്ഞ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. ”സജൻ….” ചുണ്ടുകളറിയാതെ മന്ത്രിച്ചു. തന്റെ ആദ്യ പ്രണയം… ഏതൊരു പതിനേഴുകാരിയേയും പോലെ മനസ്സിനുള്ളിൽ തുളുമ്പിയ പ്രണയമെന്ന വികാരത്തിന് ആദ്യമായി നിറഭേദങ്ങൾ നൽകിയവൻ… അവളുടെ ഓർമ്മകൾ വർഷങ്ങളെ പുറകോട്ട് തള്ളിമാറ്റി കുതിക്കാൻ തുടങ്ങിയിരുന്നു.
കുംഭാഭിഷേകം പ്രമാണിച്ച് എത്തിയതായിരുന്നു മഥുരയിലെ കുടുംബക്ഷേത്രത്തിൽ, ബന്ധുക്കളും നാട്ടുകാരും എല്ലാം ചേർന്ന് ഉത്സവമയം തന്നെ, പതിനേഴിന്റെ നിറവിൽ കിട്ടിയ അവസരം മുതലാക്കി സഹോദരിമാർക്കൊപ്പം പാറി നടക്കുകയായിരുന്നു താനും. ചുറ്റും തമിഴ് ചുവയുടെ മാറ്റൊലികളായിരുന്നു, അപ്പോഴാണ് കാതിലേക്ക് മലയാളമണ്ണിന്റെ സ്വരം വന്നു വീണത്. ആരെന്നറിയാൻ കണ്ണുകൾ പരതുന്നതിനിടയിലാണ് ആ കണ്ണുകളിലേക്ക് തന്റെ കണ്ണുകൾ ഉടക്കിയത്. മേളത്തിന് വന്ന മലയാളികളായ ചെറുപ്പക്കാർ..
എന്തോ പെട്ടന്നൊരു അടുപ്പം തോന്നി, ഒരു പക്ഷേ അന്യനാട്ടിൽ സ്വന്തം നാട്ടുകാരെ കണ്ട സന്തോഷമാവാം… അച്ഛനും അമ്മയും അവരോട് സംസാരിക്കുന്നുണ്ടായിരുന്നു.. ധനൂ….. തന്നെ കണ്ടതും അവർ അടുത്തേക്ക് വിളിച്ചു.
പട്ടുപാവാടയൊതുക്കിപ്പിടിച്ച് അത്യാവശ്യത്തിന് വിനയം മുഖത്തു വരുത്തി താൻ ചെന്നതും വീണ്ടുമാ കണ്ണുകളിലേക്ക് തന്നെ സ്വയമറിയാതെ മിഴികൾ വീണു. ഇവര് മലയാളികളാ,, അമ്മ ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്കു കയറി. “എന്താ പേര്? ആദ്യത്തെ ചോദ്യം അതായിരുന്നു.
ഇരുനിറമുള്ള, കട്ടി മീശയും ചുരുണ്ട മുടിയുമുള്ള തനി നാടൻ വേഷക്കാരൻ.. നെറ്റിയിൽ ചുവന്ന കുങ്കുമക്കുറി… തന്റെ സങ്കല്പത്തിലെ അതേ രൂപം….
ഒരു പുഞ്ചിരിയോടെ പേര് പറഞ്ഞ് ഒന്നും മിണ്ടാതെതിരികെ പോന്നുവെങ്കിലും ആ ശബ്ദം കാതിൽ പതിഞ്ഞിരുന്നു. പിന്നീട് ഓരോ വട്ടം കാണുമ്പോഴും കൊളുത്തി വലിക്കുന്ന കണ്ണുകളെ കാണാത്ത ഭാവം നടിച്ച് താൻ മാറി നടന്നുവെങ്കിലും അറിയുന്നുണ്ടായിരുന്നു തന്നെ പിൻതുടരുന്ന നോട്ടങ്ങളും കൂടെയുള്ളവരുടെ അർത്ഥം വച്ച ചിരികളും.
ആ കൈകളിൽ ചെണ്ടക്കോൽ മേളം കൊട്ടുമ്പോൾ തന്റെ മനസ്സിലും പ്രണയത്തിന്റെ പഞ്ചാരിമേളം അലയടിച്ചുണരുകയായിരുന്നു. പ്രദക്ഷിണവീഥികളിൽ മേളം മുറുകുമ്പോഴും ആ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് തന്നെ തേടിയെത്തുന്നുണ്ടായിരുന്നു.
പ്രസാദ ഊട്ടിന് നിറയെ ഇടമുണ്ടായിട്ടും ഒഴിഞ്ഞു നിന്ന് തനിക്കൊപ്പം ഇരുന്ന് സദ്യ കഴിക്കുമ്പോഴും, തനിക്കു നേരെ നീട്ടിയ കൈകളിലേക്ക് വെള്ളമൊഴിച്ച് നൽകുമ്പോഴും ആ കണ്ണുകൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പൂക്കൂടയുമായി കടന്നു പോയ പൂക്കാരിയുടെ പക്കൽ പിച്ചിപ്പൂചോദിച്ച തന്നെ അമ്പരപ്പിച്ച് ഒരു കുടന്ന പിച്ചിപ്പൂ മാല നീട്ടുമ്പോൾ പരിഭ്രമമായിരുന്നു ആരെങ്കിലും കണ്ടാൽ… അതു കൊണ്ട് തന്നെ വാങ്ങാതെ തിരികെയോടിയപ്പോൾ ആ മുഖം വാടിയത് തന്റെ മനസ്സിലും നോവായി നിന്നിരുന്നു.
ആ പരിഭവം പിന്നീടോരോ നോട്ടത്തിലും പ്രകടമായി തന്നെ അറിയാമായിരുന്നു. പെട്ടന്നൊരു നിമിഷം മേളം കഴിഞ്ഞ് പോകാൻ തുടങ്ങവേ, കൂടെയുള്ള കൂട്ടുകാരൻ മുന്നിൽ വന്ന് സജന് കൊച്ചിനെ വല്യ ഇഷ്ടമാണ് എന്ന് പറയുമ്പോൾ പെരുമ്പറ മുഴങ്ങുകയായിരുന്നു തന്റെ ഹൃദയത്തിൽ. പിടഞ്ഞുയർന്ന മിഴികൾ ഉയർത്തവേ കണ്ണുകളിലൊരായിരം പ്രതീക്ഷകളുടെ പ്രണയ ജ്വാലകൾ എരിയിച്ച് ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു ആ മേളക്കാരൻ.. പക്ഷേ മറുപടി പറയാൻ തന്റെ മിഴികൾ പോലും ഉയർന്നില്ല…
തോളിൽ തൂങ്ങിയ ചെണ്ടയുടെ ഭാരത്തേക്കാൾ മനസ്സിനാണ് ഭാരമെന്ന് പറയാതെ പറഞ്ഞു കൊണ്ട്, പിൻതിരിഞ്ഞൊരു വട്ടം കൂടി തന്നെ നോക്കി പുഞ്ചിരിയോടെ നടന്നകലുന്ന അയാളെ നോക്കി നിൽക്കാനേ തനിക്കും കഴിഞ്ഞുള്ളൂ, വെറും രണ്ടു ദിവസത്തെ അടുപ്പം മനസിൽ മഴവില്ലു വിരിയിച്ചിരുന്നെങ്കിലും,അതിലപ്പുറം ഒരു പാവാടക്കാരിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല.. തന്നിലും ഉണർന്നിരുന്നോ പ്രണയം, അല്ലെങ്കിൽ അകന്നു പോവുന്ന അയാൾ കൺമുന്നിൽ നിന്നു മറയും വരെ താനെന്തിനാണ് നോക്കി നിന്നത്. നിഴൽ പോലും മറഞ്ഞിട്ടും പിന്നീടുള്ള നാളുകളിൽ അയാൾ മാത്രമെന്തേ ഓർമ്മകളായി ഉള്ളിനെ നൊമ്പരപ്പെടുത്തിയത്. ഉത്സവപ്പറമ്പുകളിൽ മേളങ്ങളിലെല്ലാം ആ ഒരു മുഖത്തിനായി തന്റെ കണ്ണുകൾ തേടിയലഞ്ഞതും എന്തിനാണ്…. അപ്പോൾ…. താനും അയാളെ പ്രണയിച്ചിരുന്നോ?
ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കൊപ്പം കാലത്തിന്റെ കുതിപ്പുകൾ പ്രായത്തേയും മാറ്റിമറിച്ചു, പതിനേഴുകാരിയിൽ നിന്ന് മുപ്പതുകാരിയിലേക്കുള്ള മാറ്റങ്ങളിൽ മറ്റൊരു പ്രണയവും, പ്രണയസാഫല്യവുമെല്ലാം ഉൾപ്പെട്ടിരുന്നു.. എങ്കിലും എപ്പഴൊക്കെയോ പ്രണയമെന്ന് വേർതിരിച്ചറിയാത്ത ആ ഓർമ്മകൾ മനസ്സിലേക്ക് ഒരപ്പൂപ്പൻ താടി പോലെ പറന്നുയർന്നിരുന്നു.. ഇപ്പോഴിതാ അതേ ആദ്യാനുരാഗത്തിന്റെ നോവു തന്നെയല്ലേ ഇത്ര തിരക്കിനിടയിലും ആ മുഖം മാത്രം തന്നിലേക്ക് പതിപ്പിച്ചതും.. അവളിൽ നിന്നൊരു നിശ്വാസം ഉതിർന്നു വീണു. ധനൂ,, നീയിതെന്താ സ്വപ്നം കാണുവാണോ? താലം കാവിൽ കയറി… വാ…. തൊഴേണ്ടേ??? ഏട്ടന്റെ ശബ്ദമാണ് ഉണർത്തിയത്. “ഏട്ടാ…. ഞാൻ അയാളെ കണ്ടു,, മേളത്തിനിടയിൽ… “ആര്?
“സജൻ ” …അവളുടെ സ്വരം താണിരുന്നു. “ഓ… പഴയ നിന്റെ ചെണ്ടക്കാരനോ? എന്നിട്ടെവിടെ, നീ സംസാരിച്ചില്ലേ? “ഇല്ലേട്ടാ…. ഞാനോരോന്ന് ഓർത്തു നിന്നു പോയി.
“എന്നാ വാ… നമുക്ക് പോയി നോക്കാം, നിന്നെ ആദ്യമായി പ്രണയിച്ചവനെ എനിക്കുമൊന്ന് കാണണം.. എന്തിനാ ചങ്ങായീ ഈ കുരിശിനെ എനിക്ക് വേണ്ടി മാറ്റി വച്ചേന്ന് ചോദിക്കണം. ” ഒരു ചിരിയോടെ ഏട്ടൻ പറഞ്ഞതു കേട്ട് അവൾ മുഖം കൂർപ്പിച്ചു. “അയ്യട, അങ്ങനിപ്പം കാണണ്ട…. അതെന്റെ മാത്രം ഓർമ്മയായി തന്നെ ഇരിക്കട്ടെ. ഇപ്പോ പോയി കണ്ട് സംസാരിച്ചാൽ ആ ഓർമ്മകൾ പിന്നെയുണ്ടാവില്ല. “ഏതൊരാൾക്കും ആദ്യാനുരാഗം എന്നത് സുഖമുള്ള ഒരോർമ്മയാണ്, ഒരിയ്ക്കലും മറക്കാനാവാത്ത സ്വകാര്യ അഹങ്കാരമായി മയിൽപ്പീലി തുണ്ടു പോലെ മനസ്സിന്റ താളുകളിൽ സൂക്ഷിക്കുന്ന ഓർമ്മകൾ… അതെന്നിലും അങ്ങനെ തന്നെയിരിക്കട്ടെ…. അവളുടെ പുഞ്ചിരിയിൽ നിറഞ്ഞു തുളുമ്പിയിരുന്നു പ്രണയമെന്ന അനുഭൂതിയുടെയലകൾ…
രചന: Dhanya Shamjith